പല നിറങ്ങളിൽ കടകളിൽ നിരന്നിരിക്കുന്ന ലഡ്ഡു കാണുമ്പോൾ മധുരപ്രിയർക്ക് ഒരൽപം കൊതിയൊക്കെ തോന്നും. സാമൂഹികമാധ്യമങ്ങളിൽ പലവിധത്തിലുള്ള ലഡ്ഡു റെസിപ്പികളും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത് വീടുകളിൽ പരീക്ഷിച്ചുനോക്കുന്നവരും നിരവധിയാണ്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു വൈറൽ ലഡ്ഡു റെസിപ്പിയാണ്. സംഭവം കുറച്ച് ലക്ഷ്വറിയാണ്. പേരിലും ഉണ്ട് ആ ധനാഢ്യത. അംബാനി ലഡ്ഡു. ഇഷിക സാഹു എന്ന ഇൻസ്റ്റഗ്രാം വീഡിയോ കണ്ടന്റ് ക്രിയേറ്ററാണ് തന്റെ ടേസ്റ്റി ബൈ ഇഷിക എന്ന പേജിൽ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
ചേരുവകൾ
ബദാം
കശുവണ്ടി
പിസ്ത
മഖാന
ഈന്തപ്പഴം (കുരുവില്ലാത്തത്)
ആപ്രിക്കോട്ട്
അത്തിപ്പഴം
ഉണക്കമുന്തിരി
സൺഫ്ലവർ സീഡ്, എള്ള്(ഓപ്ഷണൽ) – 2 ടീസ്പൂൺ
നെയ്യ്
ഉണ്ടാക്കുന്ന രീതി
ബദാം, കശുവണ്ടി, പിസ്ത എന്നിവ ചെറുതായി ക്രഷ് ചെയ്തെടുക്കുകയോ അരിഞ്ഞെടുക്കുകയോ ചെയ്യുക. ഇനി ഇത് മഖാന ബ്ലെൻഡറിലേക്ക് മാറ്റി പൊടിച്ചെടുക്കുക.ശേഷം അടുപ്പിൽ ഒരു പാൻ വയ്ക്കുക, നെയ് ചൂടാക്കുക.
ബദാമും കശുവണ്ടിയും ഇടത്തരം തീയിൽ വറുക്കുക. പിസ്ത ചേർത്ത് 2 മുതൽ 3 മിനിറ്റ് വരെ വറുക്കുക, ഉണക്കമുന്തിരി സൺഫ്ലവർ സീഡ്, എള്ള് എന്നിവ ചേർക്കുക, ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അത് കഴിഞ്ഞ് ഈന്തപ്പഴം, ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിവ മിക്സി ജാറിലിട്ട് അരച്ചെടുക്കുക. ശേഷം പാനിലേക്ക് നെയ്യ് ഒഴിച്ച് ഈന്തപ്പഴം, ആപ്രിക്കോട്ട്, അത്തിപ്പഴം മിശ്രിതം ചൂടാക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഇനി അടുപ്പിൽ നിന്നും മാറ്റി ചൂടാറിയതിന് ശേഷം ചെറിയ ഉരുളകളാക്കി എടുത്താൽ സ്വാദിഷ്ടമായ ‘അംബാനി ലഡ്ഡു’ തയ്യാർ.






