ഒരുവശത്ത് കന്യാസ്ത്രീകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമുദായത്തെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും പള്ളികൾക്ക് നേരെ കല്ലെറിയുകയും ചെയ്യുക, മറുവശത്ത് അതേ സമുദായത്തിൻ്റെ വോട്ടിനായി മെത്രാൻമാരുടെ അരമനകളിലെത്തി അനുരഞ്ജപ്പെടുക തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചയാണ്.
ഈ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയോടും സംഘപരിവാറിനോടും അല്ലാതെ മറ്റാരോടാണ് താരതമ്യം ചെയ്യാനാവുക? ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ സംഘപരിവാർ ഭീകരതയുടെ ഇരകളായതിന്റെ ഓർമ്മകൾ മായും മുൻപേ, കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാൻ പുതിയ അനുനയ നാടകവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അരമനകൾ കയറിയിറങ്ങുകയാണ്. പാലാ ബിഷപ്പുമായുള്ള അദ്ദേഹത്തിന്റെ പുതിയ കൂടിക്കാഴ്ച, ഈ തന്ത്രപരമായ കാപട്യത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് .
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുകയും, മാസങ്ങൾക്കപ്പുറം കേരളം നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചൂടിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായി തങ്ങൾക്ക് ബാലികേറാമലയായി തുടരുന്ന കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും, പരമ്പരാഗത വോട്ട് ബാങ്കായ നായർ വിഭാഗം ഇടതുപക്ഷതതേക്ക് ചായുകയും, ചെയ്തതോടെയാണ് കേരളത്തിലെ നിർണായക ശക്തിയായ ക്രൈസ്തവ സമൂഹത്തിലേക്ക് ബിജെപി തങ്ങളുടെ ശ്രദ്ധ കൂടുതലായി ഇപ്പോൾ തിരിക്കുന്നത് .






