കോഴിക്കോട്: കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി വേങ്ങേരി വാർഡിൽ നിന്ന് ജയിച്ച ഒ.സദാശിവനെ പ്രഖ്യാപിച്ച് എൽഡിഎഫ്. വേങ്ങേരി സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. ഇത് മൂന്നാം തവണയാണ് സദാശിവൻ കോഴിക്കോട് കോർപറേഷൻ കൗൺസിലറാകുന്നത്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് ആണ് മേയറെ പ്രഖ്യാപിച്ചത്. ഡോ. എസ്. ജയശ്രീ ഡപ്യൂട്ടി മേയറാവും. ജയശ്രീ നിലവിലെ കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനാണ്. കോട്ടൂളി വാർഡിൽ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലാണ്.
കോഴിക്കോട് കോർപറേഷനിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല. യുഡിഎഫും മേയർ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് 35, യുഡിഎഫ് 28, എൻഡിഎ 13 എന്നിങ്ങനെയാണ് കോഴിക്കോട് കോർപറേഷനിലെ നിലവിലെ കക്ഷിനില.



