ന്യൂഡൽഹി: ഇറാനും ഇസ്രയേല്‍- അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022-ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് ഈ വന്‍ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം 1970-കളില്‍ ലോകം കണ്ട ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്ന് എണ്ണവിലയില്‍ 300 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ വില പെട്ടെന്ന് തന്നെ സാധാരണ നിലയിലാകും. ആഴ്ചകളോളം ഈ തടസ്സം തുടര്‍ന്നാല്‍ വില ഇനിയും ഉയരും. ഇത് ആഗോളതലത്തില്‍ വലിയ വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകും. എണ്ണവില 125 ഡോളര്‍ കടന്നാല്‍ അത് 2008-ലെ റെക്കോര്‍ഡ് നിരക്കായ 145-150 ഡോളറിലേക്ക് എത്തിയേക്കാം. അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായാല്‍ ആഗോള എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയേക്കാമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി വ്യക്തമാക്കിയിട്ടുണ്ട്.






