വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ‘ബോർഡ് ഓഫ് പീസ്’ പ്രഥമ യോഗത്തിൽ ഒമാൻ സുൽത്താനേറ്റ് നിരീക്ഷകസ്ഥാനത്ത് പങ്കെടുത്തു. വാഷിങ്ടൺ ഡി.സിയിൽ നടന്ന യോഗത്തിൽ ബോർഡിന്റെ പൊതുവായ കാഴ്ചപ്പാടും അടുത്തഘട്ട പ്രവർത്തനപദ്ധതിയും അവലോകനം ചെയ്തു. ഗസ്സ പുനർനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഡോണൾഡ് ട്രംപ്, ഗസ്സക്കായി 10 ബില്യൺ ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളും ധനസഹായവും സൈനിക പിന്തുണയും വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ കുറഞ്ഞത് ഒരു ബില്യൺ ഡോളർ വീതം വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം ഒഴികെ 6.5 ബില്യൺ ഡോളറിലധികം ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
ഗസ്സയിലെ സാഹചര്യം സങ്കീർണമാണെന്നും എന്നാൽ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള കൂട്ടായ പരിശ്രമത്തിലൂടെ സമാധാനം കൈവരിക്കാനാകുമെന്നും വ്യക്തമാക്കി. ലോകരാജ്യങ്ങളുടെ സഹകരണത്തോടെ സമാധാനം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന്റെ ചെലവിനേക്കാൾ വലുതാണ് സമാധാനത്തിന്റെ വില എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗസ്സയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമാണത്തിനുമായി വൻ സാമ്പത്തിക പാക്കേജും ട്രംപ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.










