മസ്കറ്റ്: അപ്രതീക്ഷിതമായി ഇരച്ചെത്തിയ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒമാൻ. ഇരച്ചെത്തിയ വെള്ളത്തിൽ കരയേതെന്ന് അറിയാൻ പോലും കഴിയാത്ത രീതിയിലാണ് പലയിടത്തെയും അവസ്ഥ. പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. കനത്ത ഒഴുക്കിൽ ആടിയുലയുന്ന പനകളും, ഒഴുകി പോകുന്ന കാറുകളുടെയും ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നവയാണ്.
Awful flash flooding in the wadis of Qada, Khasab, Musandam Governorate, Oman today.
— Volcaholic 🌋 (@volcaholic1) March 24, 2026
Cars swept away, homes flooded .pic.twitter.com/dqLviUcw2Q
ന്യൂനമർദ്ദവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കയാണ്. പൊതു, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയിലെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മാർച്ച് 25 ബുധനാഴ്ചയും വർക്ക് ഫ്രം ഹോം ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. മസ്‌കത്ത്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലാണ് വർക്ക് ഫ്രം ഹോം അനുവദിക്കുക. വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലെ നിരവധി പ്രധാന റോഡുകൾ ഗതാഗതയോഗ്യമല്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 9999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അതിനിടെ വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വാദികൾ (മലവെള്ളപ്പാച്ചിൽ) മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.






