തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ 2200 കോടി രൂപ കൂടി കടമെടുക്കും. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത എന്നിവയ്ക്കായി ഏകദേശം 10,000 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്.
പുതിയ കടമെടുപ്പ് കൂടി വരുന്നതോടെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടം 14,400 കോടി രൂപയായി ഉയരും. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,000 കോടി രൂപ കടമെടുക്കുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 2200 കോടി രൂപയുടെ കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്തും.
ഇത്തവണ സർക്കാർ ജീവനക്കാർക്ക് 4500 രൂപയാണ് ഓണം ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ ഉത്സവബത്തയായി നൽകും.
കഴിഞ്ഞ വർഷത്തെ രീതിയിൽ, തിരിച്ചുപിടിക്കുന്ന ഓണം അഡ്വാൻസായി പരമാവധി 20,000 രൂപയും ജീവനക്കാർക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങൾ ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.



