തൃശ്ശൂർ: ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി– അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പറപ്പൂക്കര അസീസി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നു. ഇതേത്തുടർന്ന് മിഠായി തൊണ്ടയിൽ കുടുങ്ങിയതാകാമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ഭക്ഷണത്തോടൊപ്പം അമരക്കായക്കുരുവും ശ്വാസകോശത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തിൽ പുതുക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ 10ന് പറപ്പൂക്കര സെന്റ് ജോൺസ് നെപ്യുസാൻ ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്കാരം. സഹോദരൻ ആരോൺ.


