കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് ശാസ്ത്രീയമായി പുനർനിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പ്, ബസ് സ്റ്റോപ്പുകളിലെ വൈകൽ, ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളുടെ എണ്ണം തുടങ്ങിയവ കണക്കിലെടുത്തായിരിക്കും പുതിയ റണ്ണിങ് ടൈം നിശ്ചയിക്കുക. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സംവിധാനത്തിൽനിന്നുള്ള വിവരങ്ങളാകും ഇതിനായി ഉപയോഗിക്കുക.
ഓരോ റൂട്ടിലും യാത്ര പൂർത്തിയാക്കാൻ ശരാശരി എത്ര സമയം വേണ്ടിവരുന്നുവെന്നും ഗതാഗതക്കുരുക്കിലും സിഗ്നലുകളിലും എത്രനേരം ചെലവാകുന്നുവെന്നും ജി.പി.എസ്. വിവരങ്ങളിലൂടെ കണ്ടെത്താനാകും. ഒരേ റൂട്ടിൽ ആവശ്യത്തിലധികം പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിൽ അവ കണ്ടെത്തി മറ്റ് റൂട്ടുകളിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്.
സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ചർച്ചകൾ ഇതിനകം പൂർത്തിയായി.
നിലവിൽ വിവിധ നഗരങ്ങളിൽ സ്വകാര്യ ബസുകൾക്ക് ഒരു കിലോമീറ്റർ പിന്നിടാൻ അനുവദിച്ചിട്ടുള്ള സമയം വ്യത്യസ്തമാണ്. കോഴിക്കോട് നഗരത്തിൽ സിറ്റി ബസുകൾക്ക് ഒരു കിലോമീറ്റർ പിന്നിടാൻ മൂന്ന് മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. നഗരത്തിന് പുറത്തുള്ള സർവീസുകൾക്ക് രണ്ടര മിനിറ്റും. എന്നാൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലപ്പോഴും ഈ സമയക്രമം പാലിക്കാൻ കഴിയാറില്ല.
സമയക്രമം പാലിക്കാനുള്ള സമ്മർദം ബസുകളുടെ അമിതവേഗത്തിനും അപകടങ്ങൾക്കും കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സമയക്രമം ശാസ്ത്രീയമായി പുനർനിർണയിക്കാൻ മന്ത്രി സി.പി. ജോൺ നിർദേശം നൽകിയത്.
ചർച്ചകൾ പുരോഗമിക്കുന്നു
എല്ലാ ജില്ലകളിലും ബസ് ഉടമകൾ ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. സമയമെടുത്ത് നടപ്പാക്കേണ്ട നടപടിയാണിതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.


