തിരുവനന്തപുരം: കീഴാറൂർ ഈരാറ്റിന്‍പുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി.
കാട്ടാക്കട പി.ആർ. വില്യം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയുമായ അഭിനവ് ആണ് മരണപ്പെട്ടത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ ആറു വിദ്യാർത്ഥികൾ വൈകുന്നേരം കുളിക്കാൻ ആറ്റുകടവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്.
ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി.
നാട്ടുകാര്‍ അറിയിച്ച് പൊലീസും അഗ്നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി.










