തിരുവനന്തപുരം: ഓൺലൈൻ വഴി കേരള ലോട്ടറി വിൽപ്പന നടത്തിയെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി ദിനേശ് (25) അറസ്റ്റിലായി. തഞ്ചാവൂർ സ്വദേശിയായ ഇയാളെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്.
സർക്കാർ മുദ്രയും വിലാസവും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നീ വ്യാജ വെബ്സൈറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. വാട്സ്ആപ്പ് വഴി ക്യൂആർ കോഡും യു.പി.ഐ ഐഡിയും അയച്ച് പണം വാങ്ങിയ ശേഷം ലോട്ടറി ടിക്കറ്റുകൾ പാർസലായി അയച്ചുതരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതി.
ലോട്ടറി വകുപ്പ് നൽകിയ പരാതിയെ തുടർന്ന് ഡൊമൈൻ വിവരങ്ങളും യു.പി.ഐ ഇടപാടുകളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കേരള ഭാഗ്യക്കുറി ഓൺലൈനായി വിൽക്കുന്നില്ലെന്നും ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകളിലും ഓൺലൈൻ ഓഫറുകളിലും വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.




