അരിസോണ: അമേരിക്കയിൽ അനധികൃതമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ അറിയിച്ചു.
അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 മുതൽ 15 വരെ നടത്തിയ “ഓപ്പറേഷൻ ചെക്ക്മേറ്റ്” എന്ന പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൊത്തത്തിൽ 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ ട്രക്ക് ഡ്രൈവർമാരിൽ 30 പേർ ഇന്ത്യക്കാരാണെന്നും ബാക്കിയുള്ളവർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതർ അറിയിച്ചു.
ചിലരുടെ കൈവശം വിവിധ യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നുവെങ്കിലും, പലർക്കും സാധുവായ യാത്രാ രേഖകൾ ഉണ്ടായിരുന്നില്ല. മുൻ ഭരണകാലത്ത് ലഭിച്ച തൊഴിൽ അനുമതി രേഖകളുടെ കാലാവധി കഴിഞ്ഞതും പ്രശ്നമായതായി അധികൃതർ വ്യക്തമാക്കി. ഫെഡറൽ കുടിയേറ്റ നിയമപ്രകാരം ഇവരെ വിചാരണ ചെയ്ത് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് യുഎസ് അധികൃതർ അറിയിച്ചു.
അനധികൃത കുടിയേറ്റവും രേഖകളില്ലാതെ വാഹന ഓട്ടവും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ പറഞ്ഞു. ട്രക്ക്, ബസ് ഡ്രൈവർമാരുടെ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.






