ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ മുതിർന്ന കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ‘ഓപ്പറേഷൻ കിയ എന്ന പേരിൽ നടത്തിയ സൈനിക നീക്കത്തിൽ ഭീകരരുടെ ഒളിത്താവളവും സൈന്യം തകർത്തു.
മേഖലയിൽ ജെയ്‌ഷെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മുകശ്മീർ പോലീസിൽനിന്നാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ജമ്മുകശ്മീർ പോലീസും സിഐഎഫ് ഡെൽറ്റ സംഘവും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഭീകരരുടെ സാന്നിധ്യം കണ്ടെത്താനായി ക്യാമറ ഘടിപ്പിച്ച സ്‌നിഫർ നായകളെയാണ് ഉപയോഗിച്ചത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെ മേഖലയിൽ രാത്രിമുഴുവൻ പരസ്പരം വെടിവെപ്പുണ്ടായി. ഭീകരർ ഒളിത്താവളമാക്കിയ ഗുഹ ലക്ഷ്യമാക്കി സൈന്യം ഗ്രനേഡുകളും പ്രയോഗിച്ചു. തുടർന്നാണ് ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചത്. ഭീകരരുടെ ഒളിത്താവളത്തിൽനിന്ന് എം4 റൈഫിളുകളും എകെ-47 തോക്കുകളും വൻതോതിലുള്ള സ്‌ഫോടകവസ്തുക്കളും സൈന്യം കണ്ടെടുത്തു.










