തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ‘പോറ്റിയെ കേറ്റിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുകയാണ്’ എന്ന് മന്ത്രി പി രാജീവ്. എസ്‌ഐടിയെ എതിർത്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പച്ചക്കള്ളമാണെന്നും, ഈ വിഷയത്തിൽ നിയമസഭ ബഹിഷ്കരിച്ചത് വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒരു മോഷണക്കേസിൽ പ്രതിയെ പിടികൂടുമ്പോൾ, അതിന് മുമ്പ് നടന്ന മറ്റ് മോഷണങ്ങളും അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സാധാരണയായി ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന പതിവില്ലെന്നും, ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ അതിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ എപ്പോഴും ഇരകൾക്കൊപ്പമാണെന്നും മന്ത്രി വീണ്ടും ഉറപ്പിച്ചു.വയനാട് പുനരധിവാസ വിഷയത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള ചിലർ പണം നൽകിയതായി രേഖകളുണ്ടെന്നും, എന്നാൽ എംപിമാർ ഉൾപ്പെടെ മറ്റ് ആരും പണം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ യുഡിഎഫ് തന്നെ ആസൂത്രണം ചെയ്തതാണെന്നും, സോണിയ ഗാന്ധി ഉൾപ്പെടെ ഇടപെട്ടുവെന്ന വാർത്തകൾ വന്നപ്പോഴും നേതാക്കൾ അത് നിഷേധിക്കാതിരുന്നതായും മന്ത്രി പി രാജീവ് വിമർശിച്ചു.










