കൊച്ചി: അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ സമ്പാദിച്ചെന്ന കേസിൽ മുഖ്യപ്രതി നജീബിനെതിരെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അവയവദാന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ഇയാൾ അനധികൃത ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തൽ.
അവയവം ആവശ്യമുള്ളവരിൽ നിന്ന് വലിയ തുക ഈടാക്കി അതിൽ നിന്ന് കമ്മീഷൻ കൈപ്പറ്റിയായിരുന്നു സാമ്പത്തിക നേട്ടമെന്ന് പൊലീസ് പറയുന്നു. ഈ പണം ഉപയോഗിച്ച് ഇയാൾ ഭൂമിയും മറ്റ് സ്വത്തുക്കളും വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്.
നജീബിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടികളുടെ ഇടപാടുകൾ നടന്നതായി സംശയിക്കുന്നതായും രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങൾ ഇതിനോടകം ലഭിച്ചതായും പൊലീസ് അറിയിച്ചു. ബിനാമി അക്കൗണ്ടുകൾ ഉണ്ടാകാമെന്ന സംശയത്തിൽ മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചുവരികയാണ്.
അവയവക്കച്ചവടത്തിൽ നിന്നുള്ള പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും വ്യാജരേഖകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും പരിശോധിക്കുന്നു.
മുഖ്യപ്രതി നജീബിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇയാളെ സഹായിച്ചെന്നാരോപിക്കുന്ന സനോജ് ഉൾപ്പെടെയുള്ളവർക്കെതിരെയും നടപടികൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.






