ഗുവാഹാത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, നാൽപ്പതിലധികം എൻഡിഎ മന്ത്രിമാർ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. 126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിർത്തിയത്. ഇതിൽ ബിജെപി തനിച്ച് 82 സീറ്റുകൾ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി.
മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധിയായി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസിനെ അസം നിയമസഭയുടെ പുതിയ സ്പീക്കറാക്കുമെന്നാണ് വിവരം. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ഹിമന്ത ബിശ്വ ശർമ്മയുടെ തന്ത്രപരമായ നീക്കങ്ങളാണ് അസമിൽ എൻഡിഎയുടെ തുടർഭരണത്തിന് വഴിയൊരുക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.






