കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം . ഇന്ന് രാവിലെ സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കരാടിയിൽ നിന്ന് സർവീസ് ആരംഭിക്കാൻ പോയ ബസാണ് ഇറക്കവും വളവും കഴിഞ്ഞപ്പോൾ അമിതവേഗത്തിൽ നിയന്ത്രണം വിട്ടത്. ആദ്യം വീട്ടുമതിൽ ഇടിച്ച് തകർന്നതോടെ ബസിന്റെ വേഗം കുറഞ്ഞതിനാൽ വീടിന്റെ ചുമരിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
വീടിന്റെ ഗ്ലാസുകളും എസിയുൾപ്പെടെയുള്ള ഉപകരണങ്ങളും തകർന്നു. വലിയ ശബ്ദവും പുകയും കേട്ട് വീട്ടിലുണ്ടായിരുന്ന അമ്മയും മകളും എഴുന്നേറ്റപ്പോഴേക്കും ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങി പോയിരുന്നു. യാത്രക്കാരെ എടുക്കാനായി പോയതിനാൽ അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സ തേടിയതായുമാണ് വിവരം.
മതിൽ ഇല്ലായിരുന്നെങ്കിൽ വീട് പൂർണമായി തകരുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ഉടമകളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






