മലപ്പുറം: കഴിഞ്ഞ ഏഴ് മാസത്തിനിടെ ഉണ്ടായ കനത്ത മഴ, കാറ്റ്, മറ്റ് പ്രകൃതിക്ഷോഭങ്ങൾ എന്നിവയെ തുടർന്ന് മലപ്പുറം ജില്ലയിൽ വൻ കൃഷിനാശം. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 3.5 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രകൃതിദുരന്തങ്ങൾ 162 കർഷകരെയാണ് നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് വാഴ കൃഷിക്കാണ്. മഴയിലും കാറ്റിലും 55,150 വാഴകൾ നശിച്ചു. വാഴ കർഷകർക്ക് മാത്രം ഏകദേശം 3.3 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 28.2 ഹെക്ടർ സ്ഥലത്തെ മരച്ചീനി കൃഷി നശിച്ചതിലൂടെ 11.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 11.28 ഹെക്ടറിലെ പച്ചക്കറി കൃഷിക്കും നാശമുണ്ടായി. ഇതിലൂടെ 5.34 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
1.4 ഹെക്ടറിലെ നെൽകൃഷിയും നശിച്ചു. ആറ് പ്രധാന നെല്ലുൽപാദന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായത് വേങ്ങര ബ്ലോക്കിലാണ്. ഇവിടെ 1.08 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വണ്ടൂർ, കാളികാവ്, പരപ്പനങ്ങാടി, കൊണ്ടോട്ടി, മഞ്ചേരി ബ്ലോക്കുകളിലും വലിയ തോതിൽ വിളനാശമുണ്ടായി.




