ഇടുക്കി: ഏലപ്പാറ നാലാം മൈലിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. അപകടത്തിൽ ജെറിന്റെ ഭാര്യ ദിവ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവടുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ജെറിന് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ജെറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.




