വയനാട്: ഈ വർഷത്തെ പത്മപ്രഭ പുരസ്കാരം നോവലിസ്റ്റ് ആർ. രാജശ്രീയ്ക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ അധ്യക്ഷനായും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ.എസ്. രവികുമാർ എന്നിവർ അംഗങ്ങളായും ഉള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത് എന്ന് പത്മപ്രഭ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു.
സ്ത്രീ ജീവിതത്തെ ആഴത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം സ്ത്രീ- പുരുഷ വേർതിരിവുകൾക്കപ്പുറം മനുഷ്യാനുഭവങ്ങളുടെ വൈവിധ്യം രാജശ്രീയുടെ രചനകളിൽ കാണാമെന്ന് പുരസ്കാര സമിതി വിലയിരുത്തി. അവരുടെ ‘ആത്രേയകം’ എന്ന നോവൽ പ്രത്യേക ശ്രദ്ധ നേടി. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച ആർ. രാജശ്രീ ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്ന നോവലിലൂടെ ശ്രദ്ധേയയായി. ഈ കൃതിക്ക് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു.
‘ആത്രേയകം’, ‘നായികാ നിർമിതി’, ‘വഴിയും പൊരുളും’, ‘അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും’, ‘കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ’ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. നിലവിൽ അവർ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാള വിഭാഗം അധ്യാപികയാണ്.




