ബംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ICAR) മുന്‍ തലവനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ(70) മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയില്‍ ഒഴുകിവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് നദിയിലൂടെ മൃതദേഹം ഒഴുകിവന്നത്. പ്രദേശവാസികളാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
അയ്യപ്പന്റെ സ്‌കൂട്ടര്‍ നദിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മെയ് 7 മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നതിനാല്‍ കുടുംബം പരാതി നല്‍കിയുന്നതായി പൊലീസ് പറഞ്ഞു. ശ്രീരംഗപട്ടണയിലെ സായിബാബ ആശ്രമത്തിന് സമീപത്ത് നിന്ന് അയ്യപ്പന്‍ നദിയില്‍ ചാടിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
കാവേരി നദിയുടെ തീരത്ത് ധ്യാനത്തിനായി അയ്യപ്പന്‍ പലപ്പോഴും എത്താറുണ്ടെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊലീസിനെ അറിയിച്ചു. മൈസൂരുവിലെ രാമകൃഷ്ണ ആശ്രമത്തിലും അദ്ദേഹം പതിവ് സന്ദര്‍ശകനായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.



