ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ആദിയാല ജയിലിൽനിന്ന് ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചത്.
48 മണിക്കൂറിനുള്ളിൽ ഇമ്രാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും സെപ്റ്റംബർ 16 വരെ ചികിത്സ തുടരാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ആരോഗ്യനില നിരീക്ഷിക്കുന്നതിനും തുടർചികിത്സ നിർണയിക്കുന്നതിനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദേശിച്ചു. ഇമ്രാൻ ഖാന്റെ സഹോദരിയും ഡോക്ടറുമായ ഉസ്മ ഖാനെയും മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ആരോഗ്യനില മോശമായ ഇമ്രാൻ ഖാന് ജയിലിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫും കുടുംബവും ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. കുടുംബം സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതിയുടെ നടപടി.
അതേസമയം, ഇമ്രാൻ ഖാന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് കോടതി നിർദേശിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും ഇമ്രാൻ ഖാന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.
2022ൽ അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരെ വിവിധ കേസുകളിൽ നിയമനടപടികൾ ആരംഭിച്ചത്. 2023 ഓഗസ്റ്റ് മുതൽ അദ്ദേഹം തടവിലാണ്. ജയിൽവാസത്തിനിടെ കഴിഞ്ഞ വർഷം മുതൽ ആരോഗ്യനില മോശമായതായി കുടുംബം ആരോപിച്ചിരുന്നു. വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായും ഹൃദയസംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെടുന്നതായും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ പി.ടി.ഐ നേതാക്കൾ സ്വാഗതം ചെയ്തു. മികച്ച ചികിത്സ ലഭിക്കുന്നതിന് കോടതി ഇടപെടൽ നിർണായകമാണെന്നും അവർ പ്രതികരിച്ചു.











