ആലപ്പുഴ: കേരളം ആവേശത്തോടെ കാത്തിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ശോഭ കെടുത്തി പോസ്റ്റർ വിവാദം. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററാണ് വിവാദമായത്.
തന്റെ ചിത്രം ഒഴിവാക്കിയതിൽ കൊടിക്കുന്നിൽ സുരേഷ് ജില്ലാ കളക്ടറെ അതൃപ്തി അറിയിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽനിന്ന് വിവാദ പോസ്റ്റർ നീക്കം ചെയ്തു.
ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധികൃതർ വിശദീകരിച്ചു. ആലപ്പുഴ ജില്ലയിലെ മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയപ്പോഴും കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം മാത്രം ഒഴിവാക്കിയതാണ് വിവാദത്തിന് ഇടയാക്കിയത്.
നെഹ്റു ട്രോഫി ജലമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പോസ്റ്ററിനെ ചൊല്ലിയുള്ള വിവാദം ഉയർന്നത്.


