ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിലായിരുന്നു എന്ന് മുൻ സിഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കോടിക്കണക്കിനു ഡോളർ സാമ്പത്തിക സഹായം ലഭിച്ചതിനുശേഷം മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന്റെ ഭരണകാലത്ത് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയതായി മുൻ സിഐഎ ഉദ്യോഗസ്ഥനായ ജോൺ കിരിയാക്കോ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണ്. മുഷറഫ് സർക്കാരുമായി യുഎസിന് നല്ല ബന്ധം ഉണ്ടായിരുന്നു, അത് സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ എളുപ്പമാക്കുന്നതായും അദ്ദേഹം പറഞ്ഞു. “പൊതുജനാഭിപ്രായം പരിഗണിക്കേണ്ട അവസ്ഥയില്ലാതിരുന്നതിനാൽ, മുഷറഫിനെ നമുക്ക് ആവശ്യമായ വിലയ്ക്ക് വാങ്ങി എന്നായിരുന്നു ജോണിന്റെ വെളിപ്പെടുത്തൽ.
മുഷറഫിന് യുഎസ് സാമ്പത്തിക സഹായം, സൈനിക സഹായം, വികസന പ്രവർത്തനങ്ങൾ എന്നിവ ലഭിച്ചിരുന്നു. ആഴ്ചയിൽ പല തവണ യുഎസ് ഉദ്യോഗസ്ഥർ മുഷറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് 2002-ലായിരുന്നു, പ്രധാന കാരണം ഭീകരരുടെ കൈവശം ആണവായുധങ്ങൾ എത്തുമോ എന്ന ആശങ്ക ആയിരുന്നു എന്നും പറഞ്ഞു.










