പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തുന്നു. ഡിവിഷൻ വിഭജനം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
മംഗളൂരുവിൽ ജോലി ചെയ്യുന്ന 1,500 റെയിൽവേ ജീവനക്കാരിൽ ഏകദേശം 60 ശതമാനവും മലയാളികളാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇവരിൽ പലരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് ജോലി ചെയ്യുന്നത്. ഡിവിഷൻ വിഭജനം നടപ്പാക്കിയാൽ അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താതെയാണ് വിഭജന തീരുമാനം എടുത്തതെന്നും ജീവനക്കാർ ആരോപിക്കുന്നു. ഡിവിഷൻ വിഭജനം റെയിൽവേയ്ക്ക് കാര്യമായ ഭരണപരമായ നേട്ടം നൽകില്ലെന്നാണ് ഡിആർഇയുവിന്റെ നിലപാട്.
മംഗളൂരു മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുന്നതോടെ ഡിവിഷന്റെ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഏകദേശം 60 ശതമാനം വരെ വരുമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യതയും കുറയും. റെയിൽവേ ബജറ്റിലെ വിഹിതം നിശ്ചയിക്കുന്നതിൽ കിലോമീറ്റർ, ട്രാക്കിന്റെ നീളം, പ്രധാന സ്റ്റേഷനുകൾ, വരുമാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുന്നതിനാൽ ബജറ്റ് വിഹിതത്തിലും കുറവുണ്ടാകുമെന്നാണ് ആശങ്ക. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ അടിയന്തര ക്വാട്ട ടിക്കറ്റുകൾക്കായി മൈസൂരു ഡിവിഷൻ ആസ്ഥാനത്തെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ദക്ഷിണ റെയിൽവേ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷനിലെ മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ മംഗളൂരു തുറമുഖം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷന്റെ കീഴിലാകും.
വിഭജനം നടപ്പാക്കിയാൽ ജീവനക്കാരുടെ ട്രാൻസ്ഫർ, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിലും പുനഃക്രമീകരണം വേണ്ടിവരും. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം. പാലക്കാട് ഡിവിഷൻ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനവും ചർച്ചയായതോടെ സംസ്ഥാനത്തെ റെയിൽവേ ജീവനക്കാർക്കിടയിൽ ആശങ്ക ശക്തമായിരിക്കുകയാണ്.











