കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പരസ്യപ്രസ്താവനകൾക്കും സമൂഹമാധ്യമ പോസ്റ്റുകൾക്കും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ശനിയാഴ്ച ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രമായ ജനയുഗം രംഗത്തെത്തി. സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിന്റെ നിലപാടുകൾക്ക് മറുപടി നൽകുന്നത്.
ഭരണകാലത്തെ വീഴ്ചകൾ രാഷ്ട്രീയ സത്യസന്ധതയോടെ വിലയിരുത്താൻ ഇടതുപക്ഷം തയ്യാറാകണമെന്നാണ് ലേഖനത്തിലെ പ്രധാന ആവശ്യം. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്നത് കേവലം ഒരു പദവിക്കായുള്ള അവകാശവാദമല്ലെന്നും, ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണെന്നും രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതുണ്ടെന്നും ലേഖനം പറയുന്നു. 1977ന് ശേഷം രാജ്യത്ത് ഒരൊറ്റ സംസ്ഥാനത്തും സിപിഎമ്മിന് സർക്കാർ രൂപീകരിക്കാനായിട്ടില്ലെന്ന പാർട്ടി കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ടിലെ കണ്ടെത്തലും ഇതിന് പിന്തുണയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബിജെപി–സംഘപരിവാർ ശക്തികളുടെ സ്വാധീനം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം മുറുകെപ്പിടിക്കുന്നത് ഗുണകരമാകില്ലെന്നും ലേഖനം വിമർശിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ വിപുലവും കൂട്ടായതുമായ രാഷ്ട്രീയ പരിശ്രമം ആവശ്യമാണെന്നും സിപിഐ വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഎമ്മിനായിരുന്ന കീഴ്വഴക്കം തുടരണമെന്ന വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യമാണെന്നും രാജാജി മാത്യു തോമസ് വിമർശിക്കുന്നു. നിലവിലെ സാഹചര്യങ്ങളെ നേരിടാൻ കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ അടിയന്തരാവസ്ഥയെ പിന്തുണച്ചതടക്കമുള്ള പഴയ സംഭവങ്ങൾ ആവർത്തിച്ച് ഉന്നയിക്കുന്നത് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാനേ സഹായിക്കൂ എന്നും ലേഖനം പറയുന്നു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയും സിപിഐ ലേഖനത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന്റെ നയങ്ങളോട് രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർലമെന്റിലെ പ്രധാന പ്രതിപക്ഷമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനുള്ള പങ്ക് നിഷേധിക്കാനാകില്ലെന്നാണ് നിലപാട്.
കേരളത്തിലെ യുഡിഎഫ്–എൽഡിഎഫ് മുന്നണി ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം ദേശീയ രാഷ്ട്രീയത്തെ വിലയിരുത്താനോ സംഘപരിവാർ ശക്തികളുടെ ഭീഷണി നേരിടാനോ കഴിയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥയിലെ കോൺഗ്രസിന്റെ നിലപാട് നിരന്തരം ഓർമിപ്പിക്കുന്നവർ തന്നെ രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ വിജയിച്ച കാര്യം മറക്കരുതെന്നും രാജാജി മാത്യു തോമസ് ഓർമിപ്പിക്കുന്നു.




