പാലക്കാട്: പാലക്കാട് കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ബി.എല്‍.ഒ.മാര്‍ പരിശോധന നടത്തി ഒഴിവാക്കിയവര്‍ വീണ്ടും പട്ടികയില്‍ ഇടംപിടിച്ചതായി പരാതി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ.) തലത്തില്‍ നടന്ന കൂട്ടിച്ചേര്‍ക്കലുകളിലാണ് ഇത്തരത്തില്‍ അപാകത സംഭവിച്ചിരിക്കുന്നത്.
സ്ഥലം മാറിപ്പോയവര്‍, മരണപ്പെട്ടവര്‍, ഇരട്ട വോട്ടുള്ളവര്‍ എന്നിങ്ങനെ എ.എസ്.ഡി. (Absent, Shifted, Deleted) വിഭാഗത്തില്‍പ്പെടുത്തി ഒഴിവാക്കിയവരാണ് ബി.എല്‍.ഒ.മാര്‍ പോലുമറിയാതെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടത്.
ചില വാര്‍ഡുകളില്‍ ഇത്തരത്തില്‍ മുപ്പതോളം പേരെ വരെ തിരിച്ചുകൊണ്ടുവന്നതായി ആക്ഷേപമുണ്ട്. ഒഴിവാക്കിയവരുടെ വിവരങ്ങള്‍ സൈറ്റില്‍ പരിശോധിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ഈ പിഴവിന് കാരണമായതെന്ന് കരുതുന്നു. വിവരങ്ങള്‍ കൈമാറാന്‍ വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ടുകളെ ആശ്രയിച്ചതും ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചു.
എങ്കിലും, പരാതികള്‍ ഉയര്‍ന്നതോടെ അധികൃതര്‍ തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 22ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അര്‍ഹരല്ലാത്തവരെ പ്രത്യേക ഫോറം വഴി നീക്കം ചെയ്യാന്‍ ബി.എല്‍.ഒ.മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുതാര്യമായ വോട്ടര്‍പട്ടിക ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.










