മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്റും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രക്ഷിതാക്കള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് നടപടി. ശുചിമുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പരിശോധിച്ചത്. അഞ്ചാംതരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ര്‍ഥിനികളാണ് പരിശോധനക്ക് വിധേയരായത്.
സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.






