മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് പേട്രിയറ്റ്. മമ്മൂട്ടി–മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ചെത്തിയ ചിത്രം റിലീസ് ദിനത്തിൽ തന്നെ റെക്കോർഡ് കലക്ഷൻ സ്വന്തമാക്കി.
കേരളത്തിൽ മാത്രം ആദ്യദിവസം 8.50 കോടി രൂപയാണ് ചിത്രം നേടിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ഓപ്പണിംഗ് കലക്ഷനാണിത്. ഇന്ത്യയിൽ 2636 ഷോകളിലൂടെ 11.37 കോടി ഗ്രോസ്, 9.80 കോടി നെറ്റ് കലക്ഷനാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശ വിപണിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഓവർസീസ് മാർക്കറ്റിൽ നിന്ന് 18 കോടി രൂപ വരുമാനമായി. ഇതോടെ ആകെ വേൾഡ്വൈഡ് ഗ്രോസ് 29.37 കോടി രൂപയായി.
18 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിച്ച് നായകരാകുന്നത് എന്ന പ്രത്യേകതയാണ് ചിത്രത്തെ അതീവ പ്രതീക്ഷയോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യപകുതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സയന്റിഫിക് ഡയറക്ടർ ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധേയമാകുമ്പോൾ, ഇടവേളയ്ക്കുശേഷമാണ് മോഹൻലാൽ എത്തുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫ്യും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാജ്യാന്തര നിലവാരത്തിലുള്ള സ്പൈ ത്രില്ലറായി ഒരുങ്ങിയ ചിത്രം വിവിധ രാജ്യങ്ങളിലായി ദീർഘകാലം ചിത്രീകരിച്ചാണ് പൂർത്തിയാക്കിയത്.
വമ്പൻ ബജറ്റിൽ ഒരുങ്ങിയ ‘പേട്രിയറ്റ്’ മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.




