ന്യൂഡൽഹി: പിഎഫ് ആനുകൂല്യം ലഭിക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ തീരുമാനത്തോടെ ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് കൂടി ഇപിഎഫ് ആനുകൂല്യത്തിന്റെ പരിധിയിൽ വരാൻ സാധിക്കും.
11 വർഷത്തിന് ശേഷമാണ് ശമ്പള പരിധിയിൽ മാറ്റം വരുത്തുന്നത്. ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു ശമ്പള പരിധി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി തീരുമാനത്തിന് അംഗീകാരം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
2014 സെപ്റ്റംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ശമ്പള പരിധി അവസാനമായി ഉയർത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായ സാഹചര്യത്തിലാണ് പരിധി പുതുക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സെപ്റ്റംബർ 17 മുതൽ പുതിയ പരിധി പ്രാബല്യത്തിൽ വരും. പ്രതിമാസം 15,000 മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഇനി ഇപിഎഫ് വ്യവസ്ഥകൾ പ്രകാരമുള്ള നിർബന്ധിത പ്രൊവിഡന്റ് ഫണ്ട് കവറേജ് ലഭിക്കും.
അതേസമയം, പ്രതിമാസം 15,000 രൂപയിൽ താഴെ ശമ്പളം ലഭിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് പുതിയ പരിധി മാറ്റമൊന്നും വരുത്തില്ല.



