ബെംഗളൂരു: ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയിൽ ജനവാസകേന്ദ്രത്തിന് നടുവിൽ രാജസ്ഥാൻ സ്വദേശിയായ 21കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രണയവിവാഹം കഴിച്ച് ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ തിരികെ കൊണ്ടുവരാൻ വീട്ടുകാർ നിയോഗിച്ച സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയുമായി അമിതവേഗത്തിൽ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച നാലംഗ സംഘം രണ്ട് കുട്ടികളുൾപ്പെടെ ആറ് പേരെ ഇടിച്ചുവീഴ്ത്തി. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാറിനുള്ളിൽവച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവതി പൊലീസിന് മൊഴി നൽകി.
അഗ്രഹാര ദാസറഹള്ളിയിൽ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രാജസ്ഥാൻ സ്വദേശിയായ 23കാരനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതി ഭർത്താവിനൊപ്പം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ യുവതിയുടെ വീട്ടുകാർ ബെംഗളൂരുവിലേക്ക് ഒരു സംഘത്തെ നിയോഗിച്ചതായാണ് വിവരം.
യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം യുവതിയെ ബലമായി കാറിൽ കയറ്റുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും സ്ഥലത്തെത്തി. പിടിക്കപ്പെടുമെന്ന് മനസിലാക്കിയ സംഘം ഹ്യുണ്ടായ് വെന്യു കാർ അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും സംഘം വാഹനം നിർത്തിയില്ല.
അമിതവേഗത്തിൽ കാർ ഓടിച്ചതോടെ രണ്ട് കുട്ടികളുൾപ്പെടെ ആറ് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 57കാരിയായ ജയലക്ഷ്മിയുടെ നില ഗുരുതരമാണ്. ഒരു പൊലീസ് വാഹനവും ജഡ്ജിയുടെ വാഹനവും ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ കാർ ഇടിച്ചതായാണ് വിവരം.
കാറിനെ പിന്തുടർന്ന നാട്ടുകാർ ഹൊസഹള്ളിക്ക് സമീപം വാഹനം തടഞ്ഞു. തുടർന്ന് സംഘം പ്രതികളെ പിടികൂടി കയ്യേറ്റം ചെയ്യുകയും കാർ തകർക്കുകയും ചെയ്തു.
കാറിനുള്ളിൽവച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത വിജയനഗർ പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ സദ്ദാം, രാകേഷ്, അയൻ, കരൺ എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗികാതിക്രമത്തിന് പുറമെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, കരുതിക്കൂട്ടിയുള്ള അപകടം തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയനഗർ പൊലീസ് അന്വേഷണം തുടരുകയാണ്.
















