ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇൻഡോർ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള സൻവേറിലാണ് അപകടം നടന്നത്.
പുനർനിർമാണത്തിന്റെ ഭാഗമായി ജീർണിച്ച വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ ഒരു മതിലും സമീപത്തെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തൊഴിലാളികളുടെ മേൽ തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങി. റീന (30), സീമാ ബായി (33), ചന്ദാ ബായി (30), സുശീലാ ബായി (ഏകദേശം 50) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ നാല് പേരെ ഇൻഡോറിലെ എം.വൈ. ആശുപത്രിയിലും ഒരാളെ സൻവേറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പൊലീസും ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും മറ്റാരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി രക്ഷാപ്രവർത്തനം തുടരുകയാണ്.



