ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ന്യൂഡൽഹിയിൽ. പരമ്പര സ്വന്തമാക്കിയേ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു പതിനഞ്ചുകാരനു വേണ്ടിയാണ്- വൈഭവ് സൂര്യവംശി! ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവ് ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ, സഞ്ജു സാംസണിനോ അഭിഷേക് ശർമയ്ക്കോ പുറത്തിരിക്കേണ്ടിവരും.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയതിനാൽ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. മറുവശത്ത്, ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ തോൽവികൾ ഏൽപിച്ച ആഘാതം മൂന്നാം മത്സരത്തിലൂടെ മറികടക്കുകയാകും അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.



