തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ വകുപ്പില്‍ ഇത് സംബന്ധിച്ച ധാരണയായിട്ടുണ്ട്. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അധിക ബാച്ചുകള്‍ അനുവദിക്കുന്നതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ഈ തീരുമാനം ബന്ധപ്പെട്ട സമിതികളെ അറിയിക്കാതെയാണ് എടുത്തതെന്ന് വിമര്‍ശനമുണ്ട്. ബാച്ചുകളുടെ ആവശ്യകത പരിശോധിക്കേണ്ടത് പ്രാദേശിക സമിതികളാണ്. ഈ സമിതികളുടെ റിപ്പോര്‍ട്ട് സംസ്ഥാനതല സമിതി പരിശോധിച്ച ശേഷം മാത്രമാണ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഈ പ്രക്രിയ പാലിക്കാതെയാണ് ഇപ്പോള്‍ തീരുമാനം എടുത്തതെന്ന് ആരോപണം ഉയരുന്നു.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായിരുന്നു. രണ്ടാം അലോട്ട്മെന്റിന് ശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളും ശക്തമായിരുന്നു.






