റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ നടന്ന സിബിഎസ്ഇ സോണൽ തല ബാസ്കറ്റ്‌ബോൾ മത്സരത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് റയ്യാൻ (16) ആണ് മരിച്ചത്.
മത്സരത്തിനിടെ അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട റയ്യാൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടകയിലെ മോഡ്ബിദ്രി സ്വദേശികളായ മുഹമ്മദ് റിയാസ്, ഷമീന റിയാസ് ദമ്പതികളുടെ മകനാണ് റയ്യാൻ. മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മരണാനന്തര നടപടികൾ അൽ ഖോബാർ കെ.എം.സി.സി നേതാക്കളായ ഇഖ്ബാൽ ആനമങ്ങാട്, ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സ്കൂൾ അധികൃതരും നടപടികൾ വേഗത്തിലാക്കാൻ ഇടപെടുന്നുണ്ട്.




