റിയാദ്: പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനീൻ അബ്ദുസമദ് (15) ആണ് മരിച്ചത്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ഹനീൻ. മൂന്ന് ആഴ്ചയായി കുട്ടി റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ 5-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. യൂണിഫോമണിഞ്ഞ് ആദ്യദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ വെച്ച് ഹനീൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ചികിത്സയിലിരിക്കെയിരുന്നു മരിച്ചത്. അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും ഡോ. കെ. ഷയീന്റെയും മകനാണ് ഹനീൻ. പഠനത്തിലും ഫുട്ബാളിലും ഖുർആൻ പഠനത്തിലും താല്പര്യമുള്ള വിദ്യാർത്ഥിയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു. ഹനീന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.




