സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആദ്യ ഭാഗം. ഇവർക്ക് ഒരു മാസത്തെ ഇപിഎഫ് വേതനം 15,000 രൂപ വരെ രണ്ട് ഗഡുക്കളായി ലഭിക്കും. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാരാകും ഈ പദ്ധതിക്ക് അർഹരാകുക.




