പട്‌ന: ബിഹാറിലെ പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ സംഘർഷം. പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. പരീക്ഷയ്ക്ക് പോകാൻ ആവശ്യമായ ട്രെയിനുകൾ ഒരുക്കിയില്ലെന്നും, ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതും പ്രതിഷേധത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്. ഇതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി രംഗത്തെത്തി.
രോഷാകുലരായ വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷൻ ഭാഗികമായി തകർത്തതായും, ചിലർ റെയിൽവേ പാളത്തിലിറങ്ങി പ്രതിഷേധിച്ചു. ട്രെയിൻ ഗതാഗതം ഇതോടെ തടസ്സപ്പെട്ടു. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് എത്തിയപ്പോൾ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്. പൊലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി. പിന്നീട് റെയിൽവേ അധികൃതരും ഭരണകൂടവും ഇടപെട്ടു. പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും ബദൽ ഗതാഗത സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെയാണ് സ്ഥിതി നിയന്ത്രണത്തിലായത്. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.






