ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചത്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവരെ പ്രതികളാക്കി ബിഎൻഎസ് 125, 106(1) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബർ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തി മടങ്ങിയ 26 പേരിൽ ആറുപേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിൽ മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കിയെങ്കിലും രണ്ടുപേർ പിന്നീട് മരിച്ചു. ഹരിപ്പാട് സ്വദേശി 60 വയസുള്ള രാമചന്ദ്രനും കായംകുളം സ്വദേശി മജീദുമാണ് മരിച്ചത്.
ഡയാലിസിസ് സമയത്ത് ഉണ്ടായ അണുബാധയാണ് മരണകാരണമെന്ന് മരിച്ചവരുടെ കുടുംബങ്ങൾ ആരോപിച്ചു. ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിൽ നിന്ന് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും രാമചന്ദ്രന്റെ കുടുംബം പറഞ്ഞു. എന്നാൽ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും പരിശോധിച്ചപ്പോൾ അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്തതായും അറിയിച്ചിട്ടുണ്ട്.










