കണ്ണൂർ: കാർ തടഞ്ഞുനിർത്തി അക്രമം നടത്തുകയും വടിവാൾ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചെക്കിക്കുളം സ്വദേശി തൻസീറിനെതിരെയാണ് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെക്കിക്കുളം കോട്ടുങ്ങലിലെ പി.വി. റിജേഷിന്റെ (37) പരാതിയിലാണ് നടപടി. ഈ മാസം രണ്ടാം തീയതി വൈകുന്നേരം 6.45-ഓടെയായിരുന്നു അക്രമം നടന്നത്. പരാതിക്കാരനായ റിജേഷ് തന്റെ സഹോദരനും അമ്മാവനുമൊപ്പം കാറിൽ (KL 59 F 3470) അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്നു.
മാണിയൂർ ചെക്കിക്കുളം കണ്ടിലക്കണ്ടിയിൽ വെച്ച് പ്രതി കാർ തടഞ്ഞുനിർത്തുകയും അശ്ലീലഭാഷയിൽ ചീത്തവിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് കൈവശമുണ്ടായിരുന്ന വടിവാൾ കൊണ്ട് കാറിന്റെ ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു. അക്രമത്തിൽ കാറിന് ഏകദേശം 40,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.










