തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തത് പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്റ്റേഷൻ ചുമതലയുള്ള സി.ഐ ആർ. പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പൊലീസിലെ ഇടത് സംഘടനാ നേതാവാണ് ആർ. പ്രശാന്തെന്നാണ് വിവരം. ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങിയപ്പോൾ ഇ.ഡി കേസിലെ പ്രതിയായ ഐ.പി. ബിനുവിനും വസ്ത്രം വാങ്ങിയതായും സൂചനയുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ ഊഞ്ഞാലാടുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ പൊലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് റീൽസ് ചിത്രീകരിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിൽ ഒരുക്കിയ ഊഞ്ഞാലിൽ പ്രതികൾ ആടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.


