ബ്രസീൽ: തെക്കൻ ബ്രസീലിലെ പരാന സംസ്ഥാനത്ത് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഭീമൻ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. 750 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് ദുരന്തം സംഭവിച്ചത്.
രണ്ടുമിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന കാറ്റ്, റിയോ ബോണിറ്റോ ഡോ ഇഗ്വാസു നഗരത്തിന്റെ 90 ശതമാനം ഭാഗവും നശിപ്പിച്ചു. 14,000 പേർ താമസിക്കുന്ന ഈ നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. “ഭൂകമ്പം പോലെയായിരുന്നു ശബ്ദം,” എന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉയർന്ന താപനില, ഈർപ്പം, അന്തരീക്ഷത്തിലെ അസ്ഥിരത, കാറ്റിന്റെ അപ്രതീക്ഷിത വ്യതിയാനം എന്നിവയാണ് ചുഴലിക്കാറ്റിന് കാരണമായ ഘടകങ്ങളെന്ന് വിദഗ്ധർ വ്യക്തമാക്കി.






