കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു. 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് പിടിച്ചെടുത്തത്.
പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകൾ ലഭിച്ചതിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് അന്വേഷണം.
മോഡുലാർ ടോയ്‌ലറ്റ് നിർമാണം, എബിസി കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലൻസ് പരിശോധിക്കുന്നത്. ഫയലുകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് കമ്പനിക്ക് കരാറുകൾ ലഭിച്ചത്. അതിനാൽ സിൽക്കിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.
കാർട്ടൺ ഇന്ത്യ ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും കമ്പനിക്ക് വഴിവിട്ട് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് വിജിലൻസിന് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ ഇ-ടെൻഡർ വഴിയാണ് ലഭിച്ചതെന്നും ബിനാമി കമ്പനിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശദീകരണം.




