പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ഡീയസ് ഈറേയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു വരികയാണ്.
വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത് എന്നും ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.






