കോട്ടയം: ഇടതു മുന്നണിയിൽ നിന്ന് മാറ്റമില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ എൽഡിഎഫ് യോഗം ഉദ്ഘാടനം ചെയ്‌ത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും ശനിയാഴ്‌ച എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌ത് ജോസ് കെ. മാണി പറഞ്ഞു.
ഇടതുപക്ഷത്തിനുമാത്രമേ കൃത്യമായി ചെയ്യാൻ കഴിയുകയുള്ളൂ. കർഷക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സർക്കാർ പാവപ്പെട്ടവരുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴ് മുതൽ ഒൻപത് വരെ ജില്ലയിൽ നടത്തുന്ന മധ്യമേഖലാ ജാഥ വിജയിപ്പിക്കാനുള്ള നടപടികൾ ഇതോടൊപ്പം ആരംഭിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ അധ്യക്ഷതവഹിച്ചു. കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, വി.കെ. സന്തോഷ് കുമാർ, കെ. അനിൽകുമാർ, വി.ബി. ബിനു, കെ.എം. രാധാകൃഷ്ണൻ, സി.കെ. ശശിധരൻ, ബെന്നി മൈലാടൂർ, സണ്ണി തോമസ്, സണ്ണി തെക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.










