ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.
ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.




