പാലക്കാട്: യുദ്ധ പ്രതിസന്ധി ബാധിച്ചതോടെ പ്ലാസ്റ്റിക് ചാക്കുകൾക്കും വിലക്കയറ്റം. മുൻപ് ഒരു പ്ലാസ്റ്റിക് ചാക്കിന് 10–11 രൂപയായിരുന്ന വില ഇപ്പോൾ 15 രൂപയായി. ചാക്കിന്റെ വിലക്കയറ്റം നെൽക്കർഷകരെയും പ്രതിസന്ധിയിലാക്കി. നെല്ലുനിറയ്ക്കാൻ ഭൂരിഭാഗം കർഷകരും പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗിക്കുന്നത്. ഇതിനായി ഓരോ സീസണിലും പുതിയ ചാക്കു വാങ്ങുകയാണു പതിവ്. ഒരു ചാക്കിന് 4–5 രൂപ വർധിച്ചതോടെ നിലവിൽ പഴയ ചാക്കുകൾ വാങ്ങേണ്ട സ്ഥിതിയുണ്ട്.
ഇതിനും ചുരുങ്ങിയതു 10 രൂപയെങ്കിലും നൽകണം. പഴയ ചാക്കാകുമ്പോൾ പൊട്ടാനും മറ്റും സാധ്യത കൂടുതലാണ്. സപ്ലൈകോ സംഭരിക്കുന്നതുവരെ കൃഷിക്കാർ നെല്ലു ചാക്കിലാക്കിയാണു സൂക്ഷിക്കുക. വില കൂടിയെങ്കിലും മൊത്തവിതരണക്കാരിൽ നിന്ന് ഇപ്പോൾ ചാക്കു ലഭിക്കുന്നുണ്ട്. കൊയ്ത്തു സജീവമാകുന്നതോടെ ലഭ്യത കുറയുമെന്ന ആശങ്കയും ഉണ്ട്. ഒരു ചാക്കിൽ 50–55 കിലോഗ്രാം നെല്ലുവരെ നിറയ്ക്കും.പ്ലാസ്റ്റിക് ചാക്ക് നിർമാണത്തിനു വേണ്ട അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു.
സപ്ലൈകോ സംഭരണത്തിൽ നെല്ലുനിറയ്ക്കാനുള്ള ചാക്ക് മില്ലുകൾ കർഷകർക്കു നൽകണമെന്നാണു വ്യവസ്ഥയെങ്കിലും ഇതു പാലിക്കപ്പെടാറില്ല. എല്ലാ സീസണിലും കൃഷിക്കാർ സ്വന്തം കയ്യിൽ നിന്നു തുക നൽകി ചാക്കു വാങ്ങി അതിലാണു നെല്ലു നിറയ്ക്കുക. മുൻപ് ചണച്ചാക്കിലായിരുന്നു നെല്ലു നിറച്ചിരുന്നത്. നല്ല ചണച്ചാക്കിന് ഇപ്പോൾ ക്ഷാമമുണ്ട്. ഈ സാഹചര്യത്തിൽ മുഴുവൻ കർഷകരും പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗിക്കുന്നത്.






