കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പൂജാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാഭവനിൽ സജിത്ത് പോറ്റി (40)യാണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ഇയാൾ കവർച്ച നടത്തിയതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഏകദേശം 25 ഓളം കവർച്ചാ കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അഞ്ചൽ വടമൺ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടാണ് സജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഗേറ്റ് പൊളിച്ച് അകത്ത് കയറിയ ശേഷം ശ്രീകോവിലിന് മുന്നിലുള്ള കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ അഞ്ചൽ പൊലീസ് അന്വേഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏതാനും മാസങ്ങൾ ഈ ക്ഷേത്രത്തിൽ ഇയാൾ ജോലി ചെയ്തിരുന്നതായും കണ്ടെത്തി. ഇതിനിടെ മറ്റൊരു മോഷണകേസിൽ സജിത്ത് പോറ്റി കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലായി. തുടർന്ന് കോടതിയുടെ അനുമതിയോടെ അഞ്ചൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.






