തിരുവനന്തപുരം: പിഎസ്സി ചെയർമാനെ നീക്കാൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ ഗവർണർ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പിഎസ്സിയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഗവർണറുടെ ശുപാർശയെന്നും ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആവശ്യമായ പിന്തുണ നൽകേണ്ട സംസ്ഥാന സർക്കാർ, സ്ഥാപനത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണറുടെ നിലപാടുകൾ കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ നടപ്പാക്കാൻ സഹായിക്കുന്നതാണെന്നും വഖഫ് ബോർഡ് വിഷയത്തിലടക്കം ഇത് വ്യക്തമാണെന്നും രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി രാഷ്ട്രീയത്തിന് അനുകൂലമായ സമീപനമാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്സി ചെയർമാനെയും മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതിൽ ഗവർണർക്ക് പങ്കുണ്ടെങ്കിലും, അവരെ പദവിയിൽനിന്ന് നീക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങളിൽ രാഷ്ട്രപതിക്കാണ് നിർണായക അധികാരമുള്ളത്. ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി ഭവൻ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടുമെന്നാണ് സൂചന.
ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുകയാണ്. ഇതിനുപുറമേ, പന്ത്രണ്ടിലധികം തസ്തികകളിൽ അഴിമതി നടന്നതായി ആരോപിക്കുന്ന പരാതികൾ ലോക്ഭവനിൽ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ പരാതികളിൽ കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ് കേസിൽ സർക്കാർ സ്വീകരിക്കുന്ന സമീപനത്തെയും അന്വേഷണത്തിലെ കാലതാമസത്തെയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഗുരുതരമായ കേസുകളിൽ സർക്കാരും പ്രതികളും ഒത്തുകളിക്കുന്നുവെന്ന സംശയം ജനങ്ങളിൽ ഉയരാൻ ഇടയുണ്ടെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
പിഎസ്സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരാതികളും ഗവർണറുടെ ശുപാർശയും സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.



