തൊടുപുഴ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൊടുപുഴ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാൻ പി.ജെ. ജോസഫ് തയ്യാറായത് മകന്റെ എം.എൽ.എ പദവി ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും വിമർശകർ ആരോപിക്കുന്നു. പാർട്ടിക്കുള്ളിലെ ഈ കുടുംബവാഴ്ചാ നീക്കത്തിനെതിരെ ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വൻതോതിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മുതിർന്ന നേതാക്കളെ അവഗണിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയും അണികൾക്കിടയിലുണ്ട്. വരും ദിവസങ്ങളിൽ ഈ തർക്കം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.






